• ഓരോ ഹൈന്ദവഭവനവും വാസ്തുവിദ്യ അനുസരിച്ച് പണിയേണ്ടതാണ്. വീടുപണി ആരംഭിക്കുന്നതിന് മുമ്പ് ഭൂമിപൂജ നടത്തണം.
• ഗൃഹപ്രവേശനത്തിന് നല്ല ദിവസം നോക്കുന്നതോടൊപ്പം തന്നെ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ യഥാവിധിയുള്ള പൂജകളും കഴിക്കണം.
• നിലവിളക്ക് ഉണ്ടായിരിക്കണം. രാവിലെ കിഴക്കോട്ടും വൈകുനേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടുതിരി വീതമിട്ട് നിലവിളക്ക് തെളിയിക്കണം.
• വീടിന്റെ ഉമ്മറത്തെ വാതിലിനുനേരെ ഒരു തുളസിത്തറ ഉണ്ടായിരിക്കണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. രണ്ടുനേരവും വെള്ളമൊഴിച്ച് സംരക്ഷിക്കണം.
• രാമായണം, മഹാഭാരതം, ഭഗവത്ഗീത, ദേവീമാഹാത്മ്യം, മഹാ ഭാഗവതം, മറ്റു പുരാണങ്ങൾ തുടങ്ങിയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഗ്രന്ഥങ്ങളെല്ലാം വീട്ടിൽ സൂക്ഷിക്കുകയും പാരായണം ചെയ്യുകയും വേണം.
• തടിയിൽ നിർമ്മിച്ച് പിച്ചളകൊണ്ട് കെട്ടിയ ഒരു പറ, ഒരു ആവണപ്പലക, ചന്ദനം അരച്ചെടുക്കാൻ ഒരു ചാണ, നിലവിളക്ക് തെളിയിക്കാൻ അലക്കി ശുദ്ധമാക്കിയ തുണി, നെല്ല് തുടങ്ങിയവ എപ്പോഴും വീട്ടിലുണ്ടായിരിക്കണം.
• സൂര്യോദയത്തിന് മുൻപേ ഉറക്കമുണരുക. (ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നതാണ് ഉത്തമം)
• ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും ദേവതാസ്മരണം നടത്തുക.
• വെള്ളവും ആഹാരസാധനങ്ങളും പാഴാക്കരുത്.
• പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നീക്കിവയ്ക്കണം.
• .കഴിയുന്നത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തണം.
• ക്ഷേത്രദർശനം നടത്തുമ്പോൾ ലഭിക്കുന്ന ചന്ദനം, ഭസ്മം കുങ്കുമം മുതലായ പ്രസാദവസ്തുക്കൾ പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ സൂക്ഷിച്ച് വയ്ക്കുകയും ഇത് ക്ഷേത്രദർശനത്തിന് സാധിക്കാത്ത ദിവസങ്ങളിൽ കുളികഴിഞ്ഞശേഷം അണിയുകയും ചെയ്യാം.
• ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവസ്തുക്കളും, പൂജാ സംബന്ധമായ മറ്റേതു വസ്തുക്കളും ഉപയോഗശൂന്യമായാൽ ഒഴുകുന്ന ജലത്തിൽ ഒഴുക്കിക്കളയാം.
• ലളിതമായ വൃത്തിയുള്ള വസ്ത്രം ധരിക്കുക. നാം മലയാളികൾ കഴിയുന്നത്ര സമയങ്ങളിൽ കേരളീയ വസ്ത്രം ധരിക്കണം. ഇത് നമ്മുടെ കുടുംബാന്തരീക്ഷം കൂടുതൽ ഐശ്വര്യ പൂർണ്ണമാക്കും.
• കഴിയുന്നത്ര സ്വദേശിവസ്തുക്കൾ ഉപയോഗിക്കുക.
• ഗോമാംസം പൂർണ്ണമായും വർജ്ജിക്കണം. കാരണം ഭാരതീയസംസ്കാരപ്രകാരം പശുവിന് മാതാവിന്റെ സ്ഥാനമാണ് നൽകുന്നത്.
• പുണ്യ, വിശേഷദിവസങ്ങളിൽ സസ്യാഹാരം മാത്രം പാകം ചെയ്യുക.
• വീടിന്റെ പരിസരത്ത് പച്ചക്കറി പോലുള്ള ഭക്ഷ്യവസ്തുക്കൾ നമുക്ക് കഴിയുന്നത്ര നട്ടു വളർത്തുക.
• വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ വിവരം വീട്ടിൽ അറിയിച്ചിട്ട് പോകുക
• അതിഥികളോട് ആദരപൂർവ്വം പെരുമാറുക.
• ചോറ് വയ്ക്കാൻ അരി അളന്നെടുക്കുമ്പോൾ ഒരുപിടി അന്നദാനത്തിനായി മാറ്റിവയ്ക്കണം.
• വരുമാനത്തിലൊരു ഭാഗം സാമൂഹിക നന്മയ്ക്കായി മാറ്റി വയ്ക്കുക.
• ഉറക്കമെഴുന്നേറ്റശേഷം ഭഗവത്കീർത്തനം ചൊല്ലുന്നതും, കേൾക്കുന്നതും ഉത്തമമാണ്.
• വീടിനു ചുറ്റും വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുക. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
• വീടിനു സമീപത്തെ ക്ഷേത്രങ്ങളിലും, കുടുംബക്ഷേത്രങ്ങളിലും വഴിപാടുകളും പൂജകളും നടത്താൻ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.
• നമ്മുടെ മക്കളെ, അവരുടെ കുട്ടിക്കാലം മുതൽക്കേ ആദ്ധ്യാത്മികമായ അറിവും അന്തരീക്ഷവും നൽകി വളർത്തണം.
• നമ്മുടെ ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ ഭഗവത് ഗീതയ്ക്ക് കഴിയും. അതിനാൽ ഭഗവത്ഗീത പഠിക്കുക, പ്രചരിപ്പിക്കുക.
• നമുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുഭാഗം ഭാവിയിലേക്കായി കരുതിവയ്ക്കുക.
• ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്.
• ഇഷ്ടദേവീദേവൻമാരുടെ ചിത്രങ്ങൾ വീടിന്റെ ഉമ്മറത്ത് ഉണ്ടാകുന്നത് ഐശ്വര്യമാണ്. ദൃഷ്ടിഗണപതിയുടെ ഒരു ചിത്രം വീടിനുമുന്നിൽ ഉണ്ടാകുന്നത് ദൃഷ്ടിദോഷങ്ങൾക്ക് ഒരു ഉത്തമപരിഹാരമാണ്.
• ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരുദേവൻ തുടങ്ങി ഭാരതീയ ഗുരുപരപരയിൽപ്പെട്ട സന്ന്യാസിവര്യൻമാരുടെ ചിത്രങ്ങളും നമ്മുടെ രാഷ്ട്രപിതാവിന്റെതടക്കമുള്ള മഹദ് വ്യക്തികളുടെയും, സാമുദായിക-മതാചാര്യന്മാരുടെയും (കുടുംബാംഗങ്ങൾക്കെല്ലാം ഒരു പോലെ സ്വീകാര്യമായവ) ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് പ്രത്യേക ഐശ്വര്യം തന്നെയാണ്.
• കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ, മറ്റുപ്രശ്നങ്ങളോ ഉണ്ടായാൽ അത് മനസ്സിൽ വച്ച് പ്രവർത്തിക്കാതെ, പരസ്പരം പറഞ്ഞ് പരിഹരിച്ച് എല്ലാവരും ഒത്തൊരുമയോടുകൂടി മുന്നോട്ടുപോകുക.
• നമ്മുടെ കുടുംബത്തിൽ നടക്കുന്ന വിവാഹം പോലുള്ള മംഗളകാര്യങ്ങൾക്ക് ഇപ്പോൾ കണ്ടുവരുന്ന അനാവശ്യ ആർഭാടങ്ങളും, ധൂർത്തും പൂർണ്ണമായും ഒഴിവാക്കണം. പഴയകാലത്തെപ്പോലെ വളരെ ലളിതമായിട്ടായിരിക്കണം വിവാഹം നടത്തേണ്ടത്. (സ്വന്തം ഭൂമി വിറ്റുപോലും ആർഭാടവിവാഹം നടത്തുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.)
• നാം നമ്മളെത്തന്നെ സസൂക്ഷ്മം വിലയിരുത്തിയശേഷം നമുക്ക് താങ്ങാവുന്ന ഭവനങ്ങളെ നിർമ്മിക്കാവൂ. കാരണം പല വ്യക്തികളും കടക്കെണിയിലാകുന്നത് നമുക്ക് താങ്ങാവുന്നതിനപ്പുറമുള്ള മണിമാളികകൾ പണിതാണ്.
