ഭാരതീയ സംസ്ക്കാരത്തിന്റെ പ്രതീകമാണ് പശു. ഗോമാതാ സങ്കല്പം പവിത്രവും പാവനവുമാണ്. പശുവിനെ ഭാരതീയ പൈതൃകം അമ്മയെ പോലെ ആദരിക്കുന്നു. മറ്റു ജന്മങ്ങളിൽ നിന്നെല്ലാം വേറിട്ട പിറവിയാണ് പശുവിന്റേത്. ഒരു പശുവിൽ സർവ്വാംഗം കുടി കൊള്ളുന്നത് ദേവതകളാണ്. കൊമ്പുകളുടെ അടിയിൽ ബ്രഹ്മാവും മഹാവിഷ്ണുവും കൊമ്പുകളുടെ അഗ്രത്തിൽ ഗോദാവരി തുടങ്ങിയ തീർത്ഥങ്ങളും അഖിലചരാചരങ്ങളും സ്ഥിതി ചെയ്യുന്നു. ശിരസ്സിൽ ശ്രീ പരമേശ്വരനാണ്. നെറ്റിയിൽ ശ്രീപാർവ്വതിയും.
നാസാരന്ധ്രത്തിന്റെ അഗ്രം സുബ്രഹ്മണ്യസ്വാമിയുടെ ഇരിപ്പിടമാണ്. അകത്ത് അഷ്ടദിക്പാലകർ കുടികൊള്ളുന്നു. ചെവികളിൽ അശ്വനി ദേവകൾ, ഹൃദയത്തിൽ സരസ്വതി, കപാലത്തിലാണ് യമധർമ്മൻ ത്രികാലദേവതകൾ ചുണ്ടിലും അരയിൽ സൂര്യനും കഴുത്തിൽ ഇന്ദ്രനും വസിക്കുന്നു. മാറിൽ ശരത്കുമാരന്മാരാണ്. കാലുകളിൽ വായുപുത്രന്മാർ, കാൽമുട്ടിൽ മരുത്തുകൾ, നാഗദേവതകൾ കുടികൊള്ളുന്നത് കുളമ്പിന്റെ അഗ്രത്തിലാണ്. കുളമ്പിന്റെ മദ്ധ്യഭാഗം ഗന്ധർവ്വന്മാരുടെ ഇരിപ്പിടം മുകളിൽ ദേവകന്യകളും മുതുകിൽ ശ്രി രുദ്രനുമുണ്ട്. അഷ്ടവസുക്കൾ സന്ധികൾ ഇരിപ്പിടമാക്കി. അരക്കെട്ടിൽ പിതൃദേവതകളുടേയും പള്ളയിൽ സപ്തകന്യകകളുടേയും സ്ഥാനങ്ങളാണ്. ഗുദത്തിൽ മഹാലക്ഷ്മി, വയറ്റിൽ ഭൂമീദേവി, വാലിന്റെ അഗ്രത്തിൽ അമരന്മാരുമുണ്ട്. രോമകൂപങ്ങളിൽ സൂര്യരശ്മികളും.
മഹാസമുദ്രങ്ങൾ മടിയിലൊളിക്കുന്നു. വയറ്, ഹൃദയം, മുഖം എന്നിവ മൂന്ന് അഗ്നികളുടെ സ്ഥാനങ്ങളാണ്. യജ്ഞകർമ്മങ്ങൾ എല്ലിലും ശുക്ലത്തിലും അടങ്ങിയിരിക്കുന്നു. പശുവിന്റെ ദേഹത്തിൽ ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും മുനിവര്യന്മാരും വസിക്കുന്നതുകൊണ്ട് പശുവിനെ തൊഴുതാൽ എല്ലാ ദൈവങ്ങളേയും പൂജിച്ചതിന് സമമാകും. പശുവിനെ മഞ്ഞൾ, കുങ്കുമം എന്നിവ പൂശി പ്രദക്ഷിണം ചെയ്താൽ പശു പാൽ തരുന്നതുപോലെ എല്ലാ ദൈവങ്ങളും നിങ്ങളുടെ ഗൃഹത്തിൽ ഐശ്വര്വവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകുവാൻ അനുഗ്രഹിക്കും.
No comments:
Post a Comment