സുഖപ്രദങ്ങളായ പുണ്യകർമ്മങ്ങളാലോ, ദുഃഖപ്രദങ്ങളായ പാപകർമ്മങ്ങളാലോ നിയന്ത്രിതരായി ജീവൻ ഭൂമിയിൽ ജന്മമെടുക്കുന്നു. ആദ്യം വൃക്ഷലതാദികളായും പിന്നീട് ക്രമത്തിൽ കൃമികീടങ്ങളായും, ജലചരപ്രാണികളായും, പശു പക്ഷികളായും അവസാനം മനുഷ്യനായും മാറി മാറി ജന്മമെടുക്കുന്നു. അതിനുശേഷം പരിണാമങ്ങൾക്കടിമപ്പെട്ട് സത്കർമ്മങ്ങളുടെ പുണ്യബലത്താൽ ജ്ഞാനിയായിത്തീരുകയും മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.
കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് അപ്പുറത്തുള്ള അനന്തസുഖമാണ് മോക്ഷം. ആ അവസ്ഥയിൽ പരമാത്മാവ് സുഖസ്വരൂപനായി പൂർണനായിരിക്കുന്നു. ഇഹലോകത്തുള്ള ജീവാത്മാക്കളെല്ലാം ആ പരമാത്മാവിന്റെ അംശങ്ങളാണ്.
സത്കർമ്മങ്ങൾ ചെയ്ത് മോക്ഷം പ്രാപിക്കാൻ കഴിയുന്ന മനുഷ്യജന്മം ലഭിച്ചിട്ടും, ആത്മോദ്ധാരണം ചെയ്യാതിരുന്നാൽ അവൻ മഹാപാപിയായി തീരും. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥസിദ്ധിക്ക് അവൻ ശക്തനല്ലാതാകും.
ധർമ്മത്തെ അടിസ്ഥാനമാക്കി ജീവിച്ചുകൊണ്ട് ധനം സമ്പാദിച്ച് ആഗ്രഹങ്ങൾ നിവർത്തിച്ച് ജീവിതം മുന്നോട്ട് നയിക്കാൻ കഴിഞ്ഞാൽ മോക്ഷം പ്രാപിക്കും. പക്ഷേ, അതിന് ജ•ങ്ങൾത്തന്നെ വേണ്ടിവരും. പിന്തിരിയരുത്. കൂടുതൽ സത്കർമ്മങ്ങൾ അനുഷ്ഠിച്ച് മുന്നേറണം. ഒടുവിൽ ജനനവും മരണവും ഇല്ലാത്ത അനന്തസുഖം വിഷ്ണുപദം പ്രാപിക്കാൻ സാധിക്കും.
വൃദ്ധാവസ്ഥയും ദുഃഖവും ആപത്തുകളും ഞെരുക്കുന്നതിന് മുമ്പ് ധാരാളം ശ്രേയസ്കരങ്ങളായ കർമ്മങ്ങൾ ചെയ്യുക. ശാരിരികരോഗ്യമുള്ളപ്പോൾ മാത്രമേ തത്ത്വജ്ഞാനം നേടാനും പ്രവർത്തിക്കാനും കഴിയൂ. ധനസമ്പത്തുകൾ ക്ഷണഭംഗുരങ്ങളാണ്. മനുഷ്യായുസ്സ് ഇടിമിന്നൽ പോലെ ക്ഷണികമാണ്. വെള്ളത്തിലെ കുമിളപോലെ ക്ഷണഭംഗുരമായ ശരീരത്തിൽ ജീവാത്മാവ് പുലരുന്നു. എന്നാൽ, അനിത്യമായ ശരീരത്തിൽ ജീവന് നിർഭയമായി കഴിയാൻ സാധിക്കില്ലെന്നുള്ളതാണ് സത്യം. മായയാൽ മോഹിതനായി കഴിയുന്നവന് തത്വങ്ങൾ ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല. എന്റെ കുഞ്ഞാണ് എന്റെ ഭാര്യയാണ്. ഇതെന്റെ സമ്പത്തുക്കളാണ്. ഇവർ എന്റെ ബന്ധുക്കളാണ് എന്നൊക്കെ മായാമനുഷ്യൻ കരുതുന്നു. ഞാൻ ഒരു കാര്യം ചെയ്തു. ഇത് ചെയ്യണം, മറ്റു ചിലത് ചെയ്ത് തീർന്നു, ഇനി കുറേ ബാക്കിയുമുണ്ട് എന്നൊക്കെ ചിന്തിക്കുന്ന മനുഷ്യനെ യമരാജൻ കരുണ കാട്ടാതെ പിടിച്ചുകൊണ്ടുപോകും. കാലന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ല. അതുകൊണ്ട് ഇന്നു ചെയ്യേണ്ട കാര്യം ഇന്നുതന്നെ ചെയ്യുക. മരണമാകുന്ന സത്യത്തെ ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല. ഒരു നിമിഷം പോലും താമസിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല; ഇൗശ്വരനും. വിധിക്കപ്പെട്ട സമയത്തു തന്നെ മൃത്യു ജീവൻ അപഹരിച്ചിരിക്കും. മൃതുവിന്റെ കടന്നാക്രമണത്തിന് യാതൊരു തടയുമില്ല. സമയമായാൽ സ്വന്തവും ബന്ധവും നോക്കാതെ, കാലപുരിയിലേക്ക് ശരീരം ഉപേക്ഷിച്ച് ജീവൻ യാത്രപോകും. അതുകൊണ്ട്, സുഖമാണ് ഇച്ഛിക്കുന്നതെങ്കിൽ സംസാരത്തെ ത്യജിക്കണം. സംസാരബന്ധം എപ്പോഴും ദുഃഖം മാത്രമേ നൽകുകയുള്ളു. സകല പാപങ്ങൾക്കും ആശയഭൂതമായ സംസാരത്തെ പരിത്യജിക്കാനുള്ള ജ്ഞാനം നേടുക. ജീവിതത്തിൽ ജ്ഞാനമുള്ളവനാണ് മനു ഷ്യൻ. അജ്ഞാനി മൃഗമാണ്. അവൻ സംസാരസാഗരത്തിൽ മുങ്ങി മരിക്കുന്നു. തൻമൂലം അവന് വീണ്ടും വീണ്ടും ജന്മമെടുത്ത് മരിക്കേണ്ടി വരുന്നു.
സജ്ജനങ്ങളും മഹാത്മാക്കളുമായി ബന്ധം പുലർത്തുക. അവർ സാംസാരികസംഗമായ രോഗത്തിന്റെ ഔഷധിയാകുന്നു. സത്സംഗവും വിവേകവും മനുഷ്യന്റെ നിർമ്മലനേത്രങ്ങളാണ്. അതില്ലാത്തവൻ അന്ധനാണ്. ദുർമാർഗിയായി തീരും. സ്വന്തം ആശ്രമം, ആചാരം ഇവയിൽ കുടുങ്ങിക്കിടക്കുന്ന പലരും പരമമായ ധർമ്മം അറിയുന്നില്ല. അവൻ അഹങ്കാരിയായി നശിക്കുന്നു.
ചില മനുഷ്യർ തപശ്ചര്യകളിലും, വ്രതം, ഉപവാസം എന്നീ അനു ഷ്ഠാനങ്ങളിലും മുഴുകിക്കഴിയുന്നു. അവർ സ്വർഗപ്രാപ്തി മോഹിച്ച് വൈദികമന്ത്രം, ഹോമം, യജ്ഞം എന്നിവ നടത്തുന്നു. പക്ഷേ, ഈ കാട്ടിക്കൂട്ടലുകൊണ്ടൊന്നും അജ്ഞാനിയായ മനുഷ്യന് മോക്ഷം പ്രാപിക്കാൻ കഴിയില്ല. ജടയും മാന്തോലും ധരിച്ചാൽ മാത്രം ഉത്തമ സന്ന്യാസിയാകാൻ കഴിയുമോ?
സാംസാരികസുഖങ്ങളിൽ ആസക്തനായി കഴിയുകയും, ബ്രഹ്മ ജ്ഞാനിയാണെന്ന് നടിക്കുകയും ചെയ്യുന്നവൻ യഥാർഥത്തിൽ ബ്രഹ്മജ്ഞാനത്തിൽ നിന്നും ഭ്രഷ്ടനാകുന്നു. അക്കൂട്ടർ അപകടകാരികളുമാണ്. മണ്ണും ഭസ്മവും കുറിയിട്ട്, ഭക്തനായി നടക്കുന്ന മനുഷ്യൻ മുക്തനാകുന്നില്ല. തവളയും മീനും; ഗംഗ മുതലായ പുണ്യനദികളിൽ എത്ര കാലം കഴിഞ്ഞാലും അവർ യോഗികളാകുമോ? പുല്ലും ഇലയും തിന്ന് ജലം മാത്രം പാനം ചെയ്ത് കാട്ടിൽ മേയുന്ന മൃഗങ്ങൾക്ക് വ്രതഫലം കിട്ടുമോ?
എല്ലാ വർണ്ണങ്ങളിലേയും ആശ്രമങ്ങളിലേയും ആജ്ഞാനുഷ്ഠാനങ്ങൾ ലോകജനതയെ അനുനയിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്. അത് ഉൾക്കൊള്ളുന്ന തത്ത്വജ്ഞാനം, മോക്ഷത്തിന് കാരണമാകുന്നു. ബുദ്ധിമാനു മാത്രമേ ശാസ്ത്രാധ്യയനത്തിൽനിന്ന് തത്ത്വജ്ഞാനം മനസ്സിലാക്കാൻ കഴിയുകയുള്ളു; വെള്ളവും പാലും കൂടി ചേർന്നതിൽനിന്ന് അരയന്നം പാൽ വേർതിരിച്ചെടുക്കുന്നതുപോലെ, ശാസ്ത്രങ്ങളിൽ നിന്ന് തത്ത്വം കണ്ടെത്താനറിയണമെന്ന് സാരം. തത്വജ്ഞാനം കൊണ്ട് മാത്രമേ മുക്തി കൈവരികയുള്ളു. വിശിഷ്ട ഗുരുവിൽനിന്ന് ലഭിക്കുന്ന ജ്ഞാനം മോക്ഷസിദ്ധിക്ക് ഏറെ പ്രയോജന പ്പെടും.
ജ്ഞാനം രണ്ടു വിധമാണ്. ഒന്ന്, ആഗമങ്ങളിൽ പറയപ്പെടുന്ന വേദശാസ്ത്രാദികൾ, രണ്ട്, ആത്മവിവേകത്തിൽ നിന്ന് ഉടലെടുത്തത്. വിവേകജനിതമായ ജ്ഞാനം പരബ്രഹ്മസ്വരൂപമാണ്; ആഗമോക്തമായ ജ്ഞാനം ശബ്ദബ്രഹ്മസ്വരൂപവും.
"ദേഹം, ഗേഹം, ഭാര്യ, പുത്രൻ, ധനം, സമ്പത്ത് തുടങ്ങിയ കാര്യത്തിൽ 'എന്റെ', 'എന്റേതല്ല' എന്നീ രണ്ടു ശബ്ദങ്ങൾ ബന്ധനത്തിനും മോക്ഷത്തിനും കാരണമായി വർത്തിക്കുന്നു. 'എന്റെ' എന്ന ചിന്താഗതിയിൽ ജീവൻ ബന്ധനത്തിൽപ്പെടുന്നു. 'എന്റേതല്ല' എന്ന ഭാവന മോക്ഷത്തിന് ഇട കൊടുക്കുന്നു” (16/93)
സത്കർമ്മം മോക്ഷകാരിയാണ്. മറ്റു കർമ്മങ്ങളെല്ലാം ശാരീരിക ക്ലേശത്തിന് മാത്രം പ്രയോജനപ്പെടുന്നു. മനുഷ്യൻ മോക്ഷം കൊതിക്കുന്നുവെങ്കിൽ, സകല വിധത്തിലും തത്ത്വജ്ഞാനലബ്ധിക്ക് ശ്രമി ക്കണം. ഗുരുവിന്റെ മുഖത്തുനിന്ന് ലഭിച്ച ജ്ഞാനത്താൽ ആത്മതത്ത്വമറിയണം. എങ്കിൽ സാംസാരികബന്ധനത്തിൽ നിന്നും മുക്തനാകും. അത് ബ്രഹ്മനിർവാണാത്മകമായ മോക്ഷത്തിനുപകരിക്കും.
അന്ത്യകാലത്ത് തീർത്ഥസ്നാനവും, ശ്വാസത്തെ നിയന്ത്രിച്ചും ബ്രഹ്മ ബീജ സ്വരൂപമായ ഓങ്കാരമന്ത്രം മനസ്സിൽ അഭ്യസിക്കുന്നതും, മഹാവിഷ്ണുവിനെ സ്മരിക്കുന്നതും മോക്ഷപ്രദമാണ്.
അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, അവന്തി, ദ്വാരക എന്നീ ഏഴ് സ്ഥലങ്ങൾ മോക്ഷദായകങ്ങളാകുന്നു.
തത്ത്വജ്ഞാനികൾ മോക്ഷം പ്രാപിക്കുന്നു! ധാർമികനായ മനുഷ്യൻ സ്വർഗം പ്രാപിക്കുന്നു! പാപികൾ ദുർഗതിയടയുന്നു. പക്ഷികളും മൃഗങ്ങളും മറ്റും വീണ്ടും വീണ്ടും ജനിക്കുന്നു.
No comments:
Post a Comment