സനാതന ധർമത്തിലെ അന്നദാനത്തിന്റെ പ്രാധാന്യം


സനാതന ധർമത്തിലെ നിഗൂഢതകളിൽ, അനുകമ്പയും ഐക്യവും ആത്മീയതയും മാനവികതയും എല്ലാം പ്രതിധ്വനിക്കുന്ന ഒരു പരമ്പരാഗത ആചാരം പ്രകാശപൂരിതമായി നിലകൊള്ളുന്നു. അതാണ് "അന്നദാനം" എന്നറിയപ്പെടുന്ന സൗജന്യ ഭക്ഷണ വിതരണം. അതിപുരാതനമായ ഹൈന്ദവ സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വേരൂന്നിയ അന്നദാനത്തിനു വളരെ അഗാധമായ അർത്ഥതലങ്ങളുണ്ട്; അത് ആത്മാവിനെ പോഷിപ്പിക്കാനും വ്യക്തികളും ദൈവവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും തുടങ്ങി ഒട്ടനവധി മേഖലകളിലൂടെ സഞ്ചരിച്ചു ഭക്ഷണം കൊണ്ട് ശരീരത്തിനുള്ള ആവശ്യങ്ങളുടെ വരമ്പുകൾക്കു അപ്പുറത്തേയ്ക്കും വ്യാപിക്കുന്നു.

**ഭക്ഷണത്തിലെ ദൈവിക രൂപം**

ഹിന്ദുമതത്തിലെ അന്നദാന സങ്കൽപ്പത്തിന്റെ കാതൽ, ഭക്ഷണം ശരീരത്തിന് കേവലം പോഷണമല്ല എന്ന വിശ്വാസമാണ്; അത് ദൈവികതയുടെ മൂർത്തീഭാവമാണ്. "അന്ന ബ്രഹ്മ" എന്ന ചൊല്ല് ഈ തത്ത്വചിന്തയെ ഉൾക്കൊണ്ട് കൊണ്ട് ഭക്ഷണം പ്രപഞ്ച ക്രമത്തിന്റെയും ദൈവിക ശക്തികളുടെ ദയയുടെയും സൂചിക ആണെന്ന് ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് പ്രപഞ്ച ക്രമത്തിൽ ചാഞ്ചല്യം വരാത്തിടത്തോളം ഭക്ഷണത്തിനു ലഭ്യത കുറവുണ്ടാവുകയില്ല. അതുപോലെ തന്നെ മനുഷ്യകുലത്തെ പരിപാലിയ്ക്കുന്ന പ്രപഞ്ചത്തിലെ ശക്തികൾക്കു ദയ ഉണ്ടാകുവോളം മനുഷ്യർക്കു പട്ടിണി ഉണ്ടാവുകയില്ല. അതുപോലെ, ഒരാളുടെ ഭക്ഷണം മറ്റുള്ളവരുമായി പങ്കിടുന്നത് എല്ലാവരുടെയും ഉള്ളിലെ ദൈവിക സാന്നിധ്യത്തോടുള്ള ആദരസൂചകമായ പ്രവൃത്തിയായി മാറുന്നു.

**ഐക്യവും അനുകമ്പയും**

സാമൂഹിക പ്രതിബന്ധങ്ങളെ തകർക്കുന്നതിനും ഐക്യം വളർത്തുന്നതിനുമുള്ള ശക്തമായ മാർഗം കൂടെയാണ് അന്നദാനം. ഹിന്ദു ഗ്രന്ഥങ്ങളിൽ, "വസുധൈവ കുടുംബകം" എന്ന ആശയം ലോകം ഒരു കുടുംബമാണെന്ന വികാരത്തെ പ്രതിധ്വനിപ്പിക്കുന്നു. ഭക്ഷണം ദാനം ചെയ്യുന്നതിലൂടെ, വ്യക്തികൾ ജാതി, മതം, പദവി എന്നിവയുടെ വിഭജനത്തെ മറികടക്കുന്നു, മനുഷ്യരാശിയുടെ സാർവത്രിക സാഹോദര്യത്തെ ഉൾക്കൊള്ളുന്നു. നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരസ്പരം പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്തം പങ്കിടുന്നുവെന്നും അന്നദാനം നമ്മെ ഓർമ്മിപ്പിക്കുന്നു.

**ആത്മീയ നിഗമനങ്ങൾ**

ഭഗവദ് ഗീതയിൽ ഭഗവാൻ കൃഷ്ണൻ നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക് എന്തെങ്കിലും കൊടുക്കുന്നത് ഒരു നിസ്വാർത്ഥ പ്രവർത്തനം ആകുന്നതിനാൽ അന്നദാനം ഈ പഠിപ്പിക്കലിനെ ഉദാഹരിക്കുന്നു. ഈ നിസ്വാർത്ഥത അന്തർലീനമായി ആത്മീയമാണ്; "കർമ്മയോഗ" ത്തിന്റെ ആദർശവുമായി ഒത്തുചേരുന്നു. അവിടെ ഫലങ്ങളോട് ആസക്തി കൂടാതെ, ദൈവിക കർമങ്ങൾ വഴിപാടുകളായി അനുഷ്ടിച്ചു പോരുന്നു . അന്നദാനത്തിൽ പങ്കെടുക്കുന്നതിലൂടെ, വ്യക്തികൾ സ്വാർത്ഥ ആഗ്രഹങ്ങളിൽ നിന്ന് അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും ത്യാഗ ബോധം വളർത്തുകയും ചെയ്യുന്നു.

**പൂർവികരെ ആദരിക്കലും അനുഗ്രഹങ്ങൾ തേടലും**

ഹിന്ദുമതത്തിൽ, പൂർവ്വികരുടെ ആത്മാക്കൾ അവരുടെ പിൻഗാമികളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു. ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുന്നതിലൂടെ, വ്യക്തികൾ അവരുടെ പൂർവ്വികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ അനുഗ്രഹം തേടുകയും മരണാനന്തര ജീവിതത്തിൽ അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു. തലമുറകളിലൂടെയുള്ള കുടുംബബന്ധങ്ങളുടെ തുടർച്ചയും കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തവും ഈ സമ്പ്രദായം എടുത്തുകാണിക്കുന്നു. ബന്ധുജനങ്ങൾക് ഒത്തുകൂടാനുള്ള ഒരു വേദി കൂടെ 'പൂർവികർക്കു വേണ്ടിയുള്ള അന്നദാനം' എന്ന ചടങ്ങു ഒരുക്കുന്നു. അതിലൂടെ കുടുംബ ബന്ധങ്ങൾ ഊഷ്മളമായി തലമുറകളോളം തുടരുകയും ചെയ്യുന്നു.

**ഉത്സവങ്ങളും മംഗളകരമായ അവസരങ്ങളും**

ഹൈന്ദവ ഉത്സവങ്ങളുടെയും മംഗളകരമായ അവസരങ്ങളുടെയും പലപ്പോഴും ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമായി അന്നദാനം നിലകൊള്ളുന്നു. ഈ സംഭവങ്ങൾ ജീവിതത്തിന്റെ ചാക്രിക സ്വഭാവത്തിന്റെ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, അവിടെ സമൃദ്ധി പങ്കിടുകയും ചെറിയ കാര്യങ്ങൾക്കു പോലും വിലവെയ്ക്കുകയും ചെയ്യുന്നു. വിവാഹങ്ങൾ, ജന്മദിനങ്ങൾ, മതപരമായ ഉത്സവങ്ങൾ എന്നിവ സമൂഹത്തിന് തിരികെ എന്തെങ്കിലുമൊക്കെ നൽകാനും നാളിതു വരെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരങ്ങളായി മാറുന്നു.

** ഉപസംഹാരം**

ഭിന്നതകളാൽ വിഭജിക്കപ്പെടുന്ന ഒരു ലോകത്ത്, ഹിന്ദുമതത്തിലെ അന്നദാനത്തിന്റെ പാരമ്പര്യം ഐക്യത്തിന്റെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ഉജ്ജ്വലമായ സന്ദേശം പ്രദാനം ചെയ്യുന്നു. അത് സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ അതിർവരമ്പുകളെ മറികടക്കുന്നു, ധർമ്മത്തിന്റെ സത്തയെ ഉൾക്കൊള്ളുന്നു - എന്ന് വെച്ചാൽ നീതിപൂർവകമായ ജീവിതം. അന്നദാനം എല്ലാ ജീവജാലങ്ങളുടെയും പവിത്രമായ പരസ്പര ബന്ധത്തെ പ്രതീകപ്പെടുത്തുന്നു. ആത്മീയ വളർച്ച, വിനയം, ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവയിലേക്കുള്ള പാത പ്രകാശിപ്പിക്കുന്നു. ഭക്ഷണം പങ്കിടുന്ന ലളിതമായ പ്രവർത്തനത്തിലൂടെ, വ്യക്തികൾ വിശക്കുന്ന വയറുകളെ മാത്രമല്ല, സ്വന്തം ആത്മാവിനെയും പോഷിപ്പിക്കുന്നു, ദാനധർമ്മം നിലനിൽക്കുന്ന ഒരു യോജിപ്പുള്ള ലോകത്തെ വളർത്തുന്നു. ഇത്രയേറെ മികച്ച ദർശനങ്ങൾ ഉള്ള സനാതന ധർമം അതി പുരാതന കാലം മുതൽക്കേ രൂപപ്പെട്ടു എന്നത് ഹൈന്ദവ സമൂഹത്തിനു എന്നും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യമാണ്.

ഏലസ്സ് ധരിയ്ക്കുന്നത് എന്തിന്?

 


എഴുതി തയ്യാറാക്കിയ മന്ത്രത്തകിട് യഥാവിധി പൂജകൾ ചെയ്തു ശക്തിപ്പെടുത്തി ദേഹത്തു ധരിച്ചാൽ, അത് ധരിയ്ക്കുന്ന ആളിന് ചുറ്റും ഒരു അദൃശ്യമായ മാന്ത്രിക വലയം ഉണ്ടാകുന്നുവെന്നാണ്‌ വിശ്വാസം. ഉരുക്കു പടച്ചട്ട ധരിച്ച ഒരുവന്റെ ദേഹത്തു വെട്ടിയാൽ ശരീരം മുറിപ്പെടുന്നതിനു പകരം വാൾ തെറിച്ചു പോവുകയേ ഒള്ളു. ഇരുമ്പു പടച്ചട്ട ഭൗതിക ശരീരത്തെയാണ് സംരക്ഷിക്കുന്നതെങ്കിൽ മാന്ത്രിക ഏലസ്സ് അതിന്റെ ധർമം നിർവഹിക്കുന്നത് മാനസിക തലത്തിലാണ്. 


മാനസിക തലത്തിൽ ഒരു കവചം രൂപപ്പെടണമെങ്കിൽ മനസ്സ് അതിനു വേണ്ടി ഒരുക്കപ്പെടണം. അതായത് ധൃഢമായ വിശ്വാസം വേണം. ശത്രുക്കൾക്കിടയിലൂടെ കടന്നു പോകുമ്പോൾ ആയുധമോ പരിചയോ കയ്യിലുണ്ടെങ്കിൽ അത് നമ്മുടെ സുരക്ഷിതത്വബോധം വർദ്ധിപ്പിയ്ക്കുന്നു. 


അത് പോലെ തന്നെ അദ്ര്‌ശ്യരായ ശത്രുക്കൾക്കിടയിൽ നമ്മെ കരുത്തുള്ളവരാക്കുന്ന ആയുധമാണ് മാന്ത്രിക ഏലസ്സ്. ദൃഷ്ടി ദോഷങ്ങൾ , അസൂയക്കാരുടെയോ ശത്രുക്കളുടെയോ നാവിൽ നിന്നും തൊടുത്തു വിടുന്ന ശാപോക്തികൾ, ആഭിചാര പ്രയോഗങ്ങൾ, ലക്ഷ്യത്തിൽ എത്തുന്നതിൽ നിന്നും നമ്മെ തടസ്സപ്പെടുത്തുന്ന ദുഷ്ടാത്മാക്കളുടെ പ്രവർത്തനങ്ങൾ എന്നിങ്ങനെ മറഞ്ഞു നിൽക്കുന്ന ഏതു ശത്രുവിൽ നിന്നും സംരക്ഷണം തരുന്ന കവചമാകുന്നു മാന്ത്രിക ഏലസ്സ്.


ഏലസ്സ് സൃഷ്ടിയ്ക്കുന്ന വലയം മറ്റു രീതിയിൽ ഉള്ളതും ആകാം. കാന്തിക വലയത്തിലേക്ക് ഇരുമ്പ് ആകര്ഷിയ്ക്കപ്പെടുന്നു എന്നത് പോലെ വ്യക്തികളെയോ ധനമോ ഭൂമിയോ ഒക്കെ ആകർഷണ യന്ത്രങ്ങൾ എഴിതിയിട്ട ഏലസ്സുകളുടെ വലയങ്ങളിലേയ്ക്കും ആകര്ഷിയ്ക്കപ്പെടുന്നു. ഏലസ്സുകളിൽ എഴുതിയിടുന്ന യന്ത്രങ്ങൾ പല തരം ഉണ്ട്. ഓരോ ആവശ്യങ്ങൾക്ക് അനുസരിച്ചു ഓരോ യന്ത്രവും എഴുതേണ്ട വിധവും മാറിക്കൊണ്ടിരിക്കും. യഥാവിധി പൂജ ചെയ്ത ശേഷം ശരീര ശുദ്ധിയോടെ വേണം ഏലസ്സ് ധരിയ്ക്കാൻ. 


കാലക്രമേണ ഏലസ്സിന്റെ ശക്തിയിൽ കുറവ് സംഭവിയ്ക്കുന്നത് കൊണ്ട് ഇടയ്ക്കിടെ ഏലസ്സ് വീണ്ടും പൂജിയ്ക്കുക എന്നതാണ് വിധി. ഏലസ്സുകൾ സ്വർണത്തിന്റെ വെള്ളിയിലോ തീർത്ത നീണ്ടതോ വൃത്താകൃതിയിലോ ഉള്ള കൂടിൽ ധരിയ്ക്കാവുന്നതാണ്.

കാണുന്ന സ്വപ്നം ഗുണമോ ദോഷമോ?

ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നത് സ്വാഭാവികം ആണ്. എങ്കിലും ഹൈന്ദവ വിശ്വാസം അനുസരിച്ചു ചില സ്വപ്നങ്ങളിൽ തെളിയുന്ന കാഴ്ചകൾ നമ്മുടെ വിധിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പരദൈവങ്ങളോ പിതൃക്കളോ ഉപാസന മൂർത്തികളോ അവ നമുക്ക് കാട്ടിത്തരുന്നത് കരുതലോടെ ജീവിക്കാനാണ് എന്നാണു ആചാര്യന്മാർ പറയുന്നത്.. ഇപ്രകാരം ഉള്ള ചില സ്വപ്നഫലങ്ങൾ എന്താണെന്ന് ചുവടെ ചേർക്കുന്നു :

 1. അഗ്നി ശുഭലക്ഷണമാണ്. തീപ്പെട്ടി ദീപങ്ങൾ കത്തിയെരിയുന്നതായി കണ്ടാലും നല്ലതാണ്. എന്നാൽ   പുകയോട് കൂടിയാണെങ്കിൽ  രോഗമാണ് ഫലം. 

2. വിളക്ക് കത്തിക്കുമ്പോൾ അണയുന്നതായി കണ്ടാൽ  പുത്രശോകവും പുകയോടുകൂടി വീടു കത്തുന്നത് കണ്ടാൽ  വിനാശകാലവും ആണ്.

3, ജലം, തടാകം, കടൽ , കുളം, കുളിക്കുക, നീന്തുക എന്നിവ കണ്ടാൽ  ധനലാഭം, കാര്യസിദ്ധി എന്നിവ ഉണ്ടാകും. എന്നാൽ  തിരയിൽ  അകപ്പെട്ടതായി കണ്ടാൽ  കഷ്ടകാലം.

4. അഴുക്ക് വെള്ളം, ചൂടുവെള്ളം, മഴവെള്ളം എന്നിവയിൽ  കുളിക്കുന്നത് കണ്ടാൽ  തീരാവ്യാധി ഫലം. 

5. കൃഷിയില്ലാതെ ഉഴുത് ഇട്ടിരിക്കുന്ന നിലം കണ്ടാൽ  ബന്ധുക്കളോട് ശത്രുതഫലം, മല പിളർന്നിരിക്കുന്നതായി കണ്ടാൽ  അടുത്ത ബന്ധുവിന് നാശം.

6. കാട് കണ്ടാൽ  ഫലം നല്ലതല്ല. കാട്ടുതീ കണ്ടാൽ  വിചാരിച്ചകാര്യം നടക്കും. 

7. പട്ടിയെ കണ്ടാൽ  ദാരിദ്ര്യം ഉണ്ടാകും. ആനയെ കണ്ടാൽ  ധനലബ്ധി ഉണ്ടാകും.

8. വാഹനങ്ങൾ  തമ്മിൽ  കൂട്ടി മുട്ടിയതായി കണ്ടാൽ  നിശ്ചയിച്ചിരുന്ന കാര്യം നടക്കില്ല. കടൽക്കരയിൽ  നിൽക്കുന്നതായി കണ്ടാൽ  വിചാരിച്ച കാര്യം നടക്കാൻ ഇടയുണ്ട്.

9. വേശ്യാ സംഗമം സ്വപ്നത്തിൽ  കണ്ടാൽ  വ്യവഹാരങ്ങളിൽ  പരാജയം ഉണ്ടാകും.

10. മരിച്ചവരോട് സംസാരിക്കുന്നതായി സ്വപ്നദർശനം ഉണ്ടായാൽ സൽകീർത്തി ലഭിക്കുന്നു.

11. കൊടുങ്കാറ്റ്, പേമാരി ഇവ സ്വപ്നത്തിൽ  കണ്ടാൽ  തൽക്കാലം ധനനഷ്ടവും പിന്നീട് അഭിവൃദ്ധിയും ഫലം. 

12. ബസ്സ് മറിയുന്നതായി സ്വപ്നം കണ്ടാൽ  ആ മാസം പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകും.

13. അമേദ്യം ചവിട്ടിയതായി സ്വപ്നം കണ്ടാൽ  നഷ്ടപ്പെട്ട കാര്യങ്ങൾ തിരിച്ചു കിട്ടും. 

14. പകൽ  കാണുന്ന സ്വപ്നം ഫലിക്കില്ല.

15. നല്ല സ്വപ്നം കണ്ടാൽ  വീണ്ടും ഉറങ്ങരുത്. മോശപ്പെട്ട സ്വപ്നം കണ്ടാൽ  ദൈവത്തെ ധ്യാനിച്ച് വീണ്ടും ഉറങ്ങുക. 

16. ശുഭസ്വപ്നങ്ങളിൽ  പശു, എരുമ, ആന, ദേവാലയങ്ങൾ, കൊട്ടാരം, പർവ്വതം,  ശിഖരം, വൃക്ഷം, മുകളിലേക്ക് കയറുക, മാംസഭക്ഷണം, തൈര് കഴിക്കുക, വെളുത്ത വസ്ത്രം ധരിക്കുക. രത്നം പതിച്ച ആഭരണങ്ങൾ കാണുക, ചന്ദനം പൂശുക, മുറുക്കാൻ ഇടുക, കർപ്പൂരം, അകിൽ , വെള്ളപ്പൂവ് ഇവയെ കണ്ടാൽ  അൽപം സമ്പത്ത് ഉണ്ടാകും. പാമ്പ് കടിക്കുക, തേൾ കടിക്കുക, സമുദ്രം താണ്ടുക, തീയിൽപ്പെടുക ഇവ സ്വപ്നം കണ്ടാൽ  ധനലാഭം ഉണ്ടാകും.


വൈതരണി എന്ന യമലോകത്തെ ഭീകരനദി

  

മരണാനന്തരം പരലോകത്തു ആത്മാക്കൾക്ക് കടക്കേണ്ട കടമ്പയാണ് വൈതരണി നദി.

എല്ലായ്പ്പോഴും ദുഷ്കർമ്മങ്ങളിൽ മുഴുകി ജീവിക്കുന്ന പാപികൾ നരകത്തിൽ നിന്നും മഹാനരകത്തിലേക്ക് പതിക്കുന്നു. ദുഃഖവും ഭയവും അവനെ സദാ പിന്തുടർന്നുകൊണ്ടിരിക്കും. പാപികൾക്ക് കാലപുരിയിലേക്ക് പ്രവേശിക്കാനുള്ള മാർഗം തെക്ക് ഭാഗത്തുള്ള കവാടമാണ്. കിഴക്കും പടിഞ്ഞാറും വടക്കുമുള്ള കവാടങ്ങൾ ധാർമികന്മാർക്കുള്ള മാർഗങ്ങളുമാകുന്നു. ജീവാത്മാക്കൾ ഏതിനങ്ങളിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞ് യമദൂതന്മാർ അവരെ കടത്തി വിടും. തെക്കുഭാഗത്തുള്ള കവാടം കടന്ന് അകത്ത് പ്രവേശിച്ചാൽ വൈതരണി നദീമുഖത്തെത്താം. 


നൂറു യോജന വിസ്താരമുള്ള, ദുർഗന്ധം വമിക്കുന്ന ആ വലിയ നദിക്ക് അക്കരെ കടക്കുകയെന്നത് ദുഷ്കരമാണ്. നദീജലത്തിലൂടെ രക്തവും പഴുപ്പും അഴുകിയ മാംസപിണ്ഡങ്ങളും ചേർന്നൊഴുകുന്നു. പാപികൾ ഇത് കണ്ട് ഭയപ്പെടുന്നു. നദിയിൽ ധാരാളം ഭീകരമത്സ്യങ്ങളും ഹിംസ്രജന്തുക്കളും ഒഴുകിനടക്കുന്നതു കാണുമ്പോൾ ഭയം ഇരട്ടിക്കുന്നു. പേടിച്ചു വിറച്ചു കൊണ്ട് വാവിട്ട് ഉറക്കെ കരയുന്നു. പുത്രപൗത്രാദികളേയും അച്ഛനമ്മമാരേയും ബന്ധുക്കളേയും വിളിച്ച് കേഴുന്നു.


പക്ഷേ, ആര് കേൾക്കാൻ! എല്ലാം വനരോദനം!


യമദൂതന്മാർ ഓടിയെത്തി പാപികളെ വൈതരണിയിലേക്ക് തള്ളി വിടുന്നു. നിലയില്ലാത്ത കയത്തിൽ അവർ മുങ്ങിത്താഴുമ്പോൾ, യമദൂതന്മാർ ‘കഷ്ടം! കർമ്മഫലം' എന്ന് പറഞ്ഞവരെ കളിയാക്കി പീഡിപിക്കുന്നു.


ജീവാത്മാക്കളിൽ പാപഭാരം കുറവുള്ളവർ വൈതരണി തരണം ചെയ്തു രക്ഷപ്പെടും. കൂടുതലുള്ളവരോ? മുങ്ങിയും നിവർന്നും ദീർഘകാലം വസിക്കും.


പുണ്യവാന് സ്വർഗവും (വിഷ്ണുലോകം) പാപിക്ക് നരകവും ലഭിക്കും. യമരാജാവ് പാപഭാരം കണക്കിലെടുത്ത് നരകകാലം തീരുമാനിക്കുന്നു. നരകത്തിൽ തങ്ങളുടെ പാപങ്ങളുടെ ഫലം അനുഭവിച്ചു കഴിഞ്ഞാൽ പാപികൾ വീണ്ടും ജനിക്കുന്നു. ആദ്യം വൃക്ഷം, ചെടി ലത, വല്ലി തുടങ്ങിയ സ്ഥാവരങ്ങളായും പിന്നീട് കീടങ്ങൾ, മൃഗങ്ങൾ, പക്ഷികൾ മുതലായ ജീവികളായും പിറക്കും. എല്ലാം ചേർന്നാൽ 84 ലക്ഷം ജീവികളുണ്ടത്രേ. അതിന് ശേഷം മാത്രമെ മനുഷ്യനായി ജനിക്കാൻ കഴിയൂ. അതുപോലെ പുണ്യം ക്ഷയിച്ചുകഴിഞ്ഞാലും മനുഷ്യനായി വീണ്ടും പിറക്കും. ജീവാത്മാവ് ശരീരം ധരിച്ച് ജനിക്കുമ്പോൾ വൈഷ്ണവിയ “മായ" അവനെ ആവരണം ചെയ്യും. ആ ജീവി പിന്നീട് ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ അവസ്ഥകളിലൂടെ ജീവിതം പൂർത്തീകരിച്ച് മരിക്കുന്നു; വീണ്ടും ജനിക്കുന്നു.


ബ്രാഹ്മണഹത്യ, ഗോഹത്യ, ബാലഹത്യ, സ്ത്രീഹത്യ എന്നിവ ചെയ്തവനും മദ്യപാനിയും, ഗർഭപാത്രം കളങ്കപ്പെടുത്തിയവനും , ഗുരുവിന്റേയും, ദേവസ്വവും ബ്രഹ്മസ്വവുമായ ധനം അപഹരിച്ചവനും, വൈതരണി നദിയിൽ പതിക്കുന്നു. കടം വാങ്ങിയത് തിരിച്ചു കൊടുക്കാത്തവനും, സൂക്ഷിക്കാൻ നൽകിയ ധനം തിരിച്ചുനൽകാത്തവനും, വിശ്വാസവഞ്ചകനും വൈതരണിനദിയിൽ വസിക്കുന്നു.


ദുഃഖിതരെ കാണുമ്പോൾ സന്തോഷിക്കുന്നവനും, അസൂയക്കാരനും ആരിലും ദോഷം മാത്രം കണ്ടെത്തുന്നവനും, കേമനാണെന്ന് സ്വയം അഹങ്കരിക്കുന്നവനും, പണ്ഡിതനാണെന്ന് അഭിനയിക്കുന്ന അജ്ഞാനിയും യമദൂതന്മാരുടെ പീഡനമേറ്റ് വൈതരണിയിലേക്ക് പതിക്കുന്നു.


മാതാപിതാക്കളെ തിരസ്കരിച്ചവനും, പതിവ്രത, കുലീന തുടങ്ങിയ സ്ത്രീകളെ ത്യജിക്കുന്നവനും, സത്പുരുഷന്മാരെ നിന്ദിക്കുന്നവനും, ഗുരുവിനേയും ആചാര്യനേയും അപമാനിച്ചവനും ക്ഷണിച്ചുവരുത്തിയ ബ്രാഹ്മണനെ ദാനം നൽകാതെ തിരിച്ചയക്കുന്നവനും, യാഗം നടത്തുന്നവരെ ദ്രോഹിക്കുന്നവനും, കന്നുകാലികളെ പട്ടിണിക്കിടുന്നവനും, കന്യകയെ ദുഷിപ്പിക്കുന്നവനും, വേദം അർത്ഥം അറിയാതെ പഠിക്കുന്നവനും കപിലയായ പശുവിന്റെ പാൽ കുടിക്കുന്നവനും, വ്യഭിചാരം മോഹിക്കുന്നവനും, അന്യന്റെ പത്നിയെ അപഹരിക്കുന്നവനും വൈതരണിയിൽ പതിക്കുന്നു.


കള്ളസാക്ഷി പറയുന്നവനും, വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നവനും, മോഷണം കൊണ്ട് പുലരുന്നവനും, വിധവകളെ ദ്രോഹിക്കുന്നവനും വൈതരണിയിൽ വസിക്കുന്നു. വിവാഹത്തിലും ദേവയാത്രയിലും തടസ്സങ്ങൾ വരുത്തുന്നവരും, യാത്രികനെ കൊള്ളയടിക്കുന്നവരും, വീടിനും ഗ്രാമത്തിനും തീ കൊളുത്തുന്നവരും വൈതരണിയിൽ നിരന്തരം താമസിക്കുന്നതാണ്.


ഇത്തരത്തിൽ പാപികൾക്ക് പല തരത്തിലുള്ള യാതനകളും അനുഭവിക്കേണ്ടിവരും.


വൈതരണി എന്ന മഹാ പീഡനത്തെ അതിജീവിക്കാൻ സത്കർമങ്ങളിൽ  ഏർപ്പെടേണ്ടതും സനാതന ധർമത്തിന് ദോഷം വരുത്താതെ ജീവിക്കേണ്ടതുമാണ് 

മാതൃകാ ഹൈന്ദവ ഭവനം എങ്ങനെ?


ഓരോ ഹൈന്ദവഭവനവും വാസ്തുവിദ്യ അനുസരിച്ച് പണിയേണ്ടതാണ്. വീടുപണി ആരംഭിക്കുന്നതിന് മുമ്പ് ഭൂമിപൂജ നടത്തണം.

ഗൃഹപ്രവേശനത്തിന് നല്ല ദിവസം നോക്കുന്നതോടൊപ്പം തന്നെ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ യഥാവിധിയുള്ള പൂജകളും കഴിക്കണം.

നിലവിളക്ക് ഉണ്ടായിരിക്കണം. രാവിലെ കിഴക്കോട്ടും വൈകുനേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടുതിരി വീതമിട്ട് നിലവിളക്ക് തെളിയിക്കണം.

വീടിന്റെ ഉമ്മറത്തെ വാതിലിനുനേരെ ഒരു തുളസിത്തറ ഉണ്ടായിരിക്കണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. രണ്ടുനേരവും വെള്ളമൊഴിച്ച് സംരക്ഷിക്കണം.

രാമായണം, മഹാഭാരതം, ഭഗവത്ഗീത, ദേവീമാഹാത്മ്യം, മഹാ ഭാഗവതം, മറ്റു പുരാണങ്ങൾ തുടങ്ങിയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഗ്രന്ഥങ്ങളെല്ലാം വീട്ടിൽ സൂക്ഷിക്കുകയും പാരായണം ചെയ്യുകയും വേണം.

തടിയിൽ നിർമ്മിച്ച് പിച്ചളകൊണ്ട് കെട്ടിയ ഒരു പറ, ഒരു ആവണപ്പലക, ചന്ദനം അരച്ചെടുക്കാൻ ഒരു ചാണ, നിലവിളക്ക് തെളിയിക്കാൻ അലക്കി ശുദ്ധമാക്കിയ തുണി, നെല്ല് തുടങ്ങിയവ എപ്പോഴും വീട്ടിലുണ്ടായിരിക്കണം.

സൂര്യോദയത്തിന് മുൻപേ ഉറക്കമുണരുക. (ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നതാണ് ഉത്തമം)

ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും ദേവതാസ്മരണം നടത്തുക. 

വെള്ളവും ആഹാരസാധനങ്ങളും പാഴാക്കരുത്.

പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നീക്കിവയ്ക്കണം.

.കഴിയുന്നത്ര  ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

ക്ഷേത്രദർശനം നടത്തുമ്പോൾ ലഭിക്കുന്ന ചന്ദനം, ഭസ്മം കുങ്കുമം മുതലായ പ്രസാദവസ്തുക്കൾ പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ സൂക്ഷിച്ച് വയ്ക്കുകയും ഇത് ക്ഷേത്രദർശനത്തിന് സാധിക്കാത്ത ദിവസങ്ങളിൽ കുളികഴിഞ്ഞശേഷം അണിയുകയും ചെയ്യാം.

ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവസ്തുക്കളും, പൂജാ സംബന്ധമായ മറ്റേതു വസ്തുക്കളും ഉപയോഗശൂന്യമായാൽ ഒഴുകുന്ന ജലത്തിൽ ഒഴുക്കിക്കളയാം.

ലളിതമായ വൃത്തിയുള്ള വസ്ത്രം ധരിക്കുക. നാം മലയാളികൾ കഴിയുന്നത്ര സമയങ്ങളിൽ കേരളീയ വസ്ത്രം ധരിക്കണം. ഇത് നമ്മുടെ കുടുംബാന്തരീക്ഷം കൂടുതൽ ഐശ്വര്യ പൂർണ്ണമാക്കും.

കഴിയുന്നത്ര സ്വദേശിവസ്തുക്കൾ ഉപയോഗിക്കുക.

ഗോമാംസം പൂർണ്ണമായും വർജ്ജിക്കണം. കാരണം ഭാരതീയസംസ്കാരപ്രകാരം പശുവിന് മാതാവിന്റെ സ്ഥാനമാണ് നൽകുന്നത്.

പുണ്യ, വിശേഷദിവസങ്ങളിൽ സസ്യാഹാരം മാത്രം പാകം ചെയ്യുക.

വീടിന്റെ പരിസരത്ത് പച്ചക്കറി പോലുള്ള ഭക്ഷ്യവസ്തുക്കൾ നമുക്ക് കഴിയുന്നത്ര നട്ടു വളർത്തുക.

വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ വിവരം വീട്ടിൽ അറിയിച്ചിട്ട് പോകുക

അതിഥികളോട് ആദരപൂർവ്വം പെരുമാറുക.

ചോറ് വയ്ക്കാൻ അരി അളന്നെടുക്കുമ്പോൾ ഒരുപിടി അന്നദാനത്തിനായി മാറ്റിവയ്ക്കണം.

വരുമാനത്തിലൊരു ഭാഗം സാമൂഹിക നന്മയ്ക്കായി മാറ്റി വയ്ക്കുക.

ഉറക്കമെഴുന്നേറ്റശേഷം ഭഗവത്കീർത്തനം ചൊല്ലുന്നതും, കേൾക്കുന്നതും ഉത്തമമാണ്. 

വീടിനു ചുറ്റും വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുക. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

വീടിനു സമീപത്തെ ക്ഷേത്രങ്ങളിലും, കുടുംബക്ഷേത്രങ്ങളിലും വഴിപാടുകളും പൂജകളും നടത്താൻ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.

നമ്മുടെ മക്കളെ, അവരുടെ കുട്ടിക്കാലം മുതൽക്കേ ആദ്ധ്യാത്മികമായ അറിവും അന്തരീക്ഷവും നൽകി വളർത്തണം.

നമ്മുടെ ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ ഭഗവത് ഗീതയ്ക്ക് കഴിയും. അതിനാൽ ഭഗവത്ഗീത പഠിക്കുക, പ്രചരിപ്പിക്കുക.

നമുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുഭാഗം ഭാവിയിലേക്കായി കരുതിവയ്ക്കുക.

ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്.

ഇഷ്ടദേവീദേവൻമാരുടെ ചിത്രങ്ങൾ വീടിന്റെ ഉമ്മറത്ത് ഉണ്ടാകുന്നത് ഐശ്വര്യമാണ്. ദൃഷ്ടിഗണപതിയുടെ ഒരു ചിത്രം വീടിനുമുന്നിൽ ഉണ്ടാകുന്നത് ദൃഷ്ടിദോഷങ്ങൾക്ക് ഒരു ഉത്തമപരിഹാരമാണ്.

ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരുദേവൻ തുടങ്ങി ഭാരതീയ ഗുരുപരപരയിൽപ്പെട്ട സന്ന്യാസിവര്യൻമാരുടെ ചിത്രങ്ങളും നമ്മുടെ രാഷ്ട്രപിതാവിന്റെതടക്കമുള്ള മഹദ് വ്യക്തികളുടെയും, സാമുദായിക-മതാചാര്യന്മാരുടെയും (കുടുംബാംഗങ്ങൾക്കെല്ലാം ഒരു പോലെ സ്വീകാര്യമായവ) ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് പ്രത്യേക ഐശ്വര്യം തന്നെയാണ്.

കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ, മറ്റുപ്രശ്നങ്ങളോ ഉണ്ടായാൽ അത് മനസ്സിൽ വച്ച് പ്രവർത്തിക്കാതെ, പരസ്പരം പറഞ്ഞ് പരിഹരിച്ച് എല്ലാവരും ഒത്തൊരുമയോടുകൂടി മുന്നോട്ടുപോകുക.

നമ്മുടെ കുടുംബത്തിൽ നടക്കുന്ന വിവാഹം പോലുള്ള മംഗളകാര്യങ്ങൾക്ക് ഇപ്പോൾ കണ്ടുവരുന്ന അനാവശ്യ ആർഭാടങ്ങളും, ധൂർത്തും പൂർണ്ണമായും ഒഴിവാക്കണം. പഴയകാലത്തെപ്പോലെ വളരെ ലളിതമായിട്ടായിരിക്കണം വിവാഹം നടത്തേണ്ടത്. (സ്വന്തം ഭൂമി വിറ്റുപോലും ആർഭാടവിവാഹം നടത്തുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.)

നാം നമ്മളെത്തന്നെ സസൂക്ഷ്മം വിലയിരുത്തിയശേഷം നമുക്ക് താങ്ങാവുന്ന ഭവനങ്ങളെ നിർമ്മിക്കാവൂ. കാരണം പല വ്യക്തികളും കടക്കെണിയിലാകുന്നത് നമുക്ക് താങ്ങാവുന്നതിനപ്പുറമുള്ള മണിമാളികകൾ പണിതാണ്.


സേവാഭാരതിയ്ക്കു കേന്ദ്രമന്ത്രിയുടെ അഭിനന്ദനം




കല്ലൂപ്പാറയിലെ 2 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ കോമളം കടവിൽ സേവാഭാരതി നിർമിച്ച താൽക്കാലിക നടപ്പാലം കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. പ്രളയത്തെ പ്രതിരോധിക്കുന്ന പാലം നിർമിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്കൂൾ ആരംഭിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ ദുർഗതി ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് വിദ്യാർത്ഥികൾ അപേക്ഷിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിക്കുളം യൂണിറ്റ്, പൊരിട്ടിക്കാവ് ദേവീക്ഷേത്ര സംരക്ഷണസമിതി, തുരുത്തിക്കാട് ജനകീയ സമിതി, പൗരസമിതി എന്നിവരും മന്ത്രിക്ക് നിവേദനം നൽകി.

അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്റ് അജികുമാർ വള്ളുഴത്തിൽ, ആർഎസ്എസ് വിഭാഗം സേവാപ്രമുഖ് സി.എൻ.രവികുമാർ, ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഉണ്ണിക്കൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.കെ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

നവംബർ ആദ്യവാരം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കോമളം പാലത്തിലേക്കുള്ള പ്രവേശന റോഡ് ഒലിച്ചുപോയി. ഈ ഭാഗത്ത് നദി ഗതിമാറി ഒഴുകിയതിനാൽ പ്രവേശന പാത തകർന്നു. പാലത്തിന്റെ താങ്ങുകളിൽ മുളയുടെ ചില്ലകളും ചപ്പുചവറുകളും നിറഞ്ഞതാണ് ദിശതെറ്റാൻ കാരണം. പ്രവേശന റോഡിന്റെ 35 മീറ്റർ ഭാഗമാണ് നഷ്ടപ്പെട്ടത്. 13 മീറ്റർ താഴ്ചയിലാണ് മണ്ണിടിഞ്ഞത്. തൽഫലമായി, ഈ പ്രദേശം ഗണ്യമായ യാത്രാ വെല്ലുവിളികൾ നേരിടുന്നു. 1987-ൽ ആണ് കോമളം ഭാഗത്തു നദിക്ക് കുറുകെയുള്ള ആദ്യത്തെ പാലം പൂർത്തിയായതു.

തുരുത്തിക്കാട്, കോമളം മേഖലകൾ ഒറ്റപ്പെട്ടതാണ്. നിലവിലെ അവസ്ഥയിൽ പുതിയ പാലം നിർമിക്കാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദിയിൽ മൂന്ന് താങ്ങുകളും തീരത്ത് നാല് സ്പാനുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം 12 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പുതിയ പാലം പണിയാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ തുരുത്തിക്കാട്, കോമളം, വെണ്ണിക്കുളം ജില്ലകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് ആവശ്യം. ഈ സമയത്താണ് സേവാഭാരതി ശ്രദ്ധേയവും സ്തുത്യർഹവുമായ പ്രവർത്തനത്തിലൂടെ സമൂഹസേവനം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത്.

സേവാഭാരതിയുടെ പ്രതിഫലേച്ഛയില്ലാത്ത സാമൂഹ്യസേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു

മോക്ഷം എന്ന നിത്യത

 


സുഖപ്രദങ്ങളായ പുണ്യകർമ്മങ്ങളാലോ, ദുഃഖപ്രദങ്ങളായ പാപകർമ്മങ്ങളാലോ നിയന്ത്രിതരായി ജീവൻ ഭൂമിയിൽ ജന്മമെടുക്കുന്നു. ആദ്യം വൃക്ഷലതാദികളായും പിന്നീട് ക്രമത്തിൽ കൃമികീടങ്ങളായും, ജലചരപ്രാണികളായും, പശു പക്ഷികളായും അവസാനം മനുഷ്യനായും മാറി മാറി ജന്മമെടുക്കുന്നു. അതിനുശേഷം പരിണാമങ്ങൾക്കടിമപ്പെട്ട് സത്കർമ്മങ്ങളുടെ പുണ്യബലത്താൽ ജ്ഞാനിയായിത്തീരുകയും മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.

കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് അപ്പുറത്തുള്ള അനന്തസുഖമാണ് മോക്ഷം. ആ അവസ്ഥയിൽ പരമാത്മാവ് സുഖസ്വരൂപനായി പൂർണനായിരിക്കുന്നു. ഇഹലോകത്തുള്ള ജീവാത്മാക്കളെല്ലാം ആ പരമാത്മാവിന്റെ അംശങ്ങളാണ്.

സത്കർമ്മങ്ങൾ ചെയ്ത് മോക്ഷം പ്രാപിക്കാൻ കഴിയുന്ന മനുഷ്യജന്മം ലഭിച്ചിട്ടും, ആത്മോദ്ധാരണം ചെയ്യാതിരുന്നാൽ അവൻ മഹാപാപിയായി തീരും. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥസിദ്ധിക്ക് അവൻ ശക്തനല്ലാതാകും.
ധർമ്മത്തെ അടിസ്ഥാനമാക്കി ജീവിച്ചുകൊണ്ട് ധനം സമ്പാദിച്ച് ആഗ്രഹങ്ങൾ നിവർത്തിച്ച് ജീവിതം മുന്നോട്ട് നയിക്കാൻ കഴിഞ്ഞാൽ മോക്ഷം പ്രാപിക്കും. പക്ഷേ, അതിന് ജ•ങ്ങൾത്തന്നെ വേണ്ടിവരും. പിന്തിരിയരുത്. കൂടുതൽ സത്കർമ്മങ്ങൾ അനുഷ്ഠിച്ച് മുന്നേറണം. ഒടുവിൽ ജനനവും മരണവും ഇല്ലാത്ത അനന്തസുഖം വിഷ്ണുപദം  പ്രാപിക്കാൻ സാധിക്കും. 

വൃദ്ധാവസ്ഥയും ദുഃഖവും ആപത്തുകളും ഞെരുക്കുന്നതിന് മുമ്പ് ധാരാളം ശ്രേയസ്കരങ്ങളായ കർമ്മങ്ങൾ ചെയ്യുക. ശാരിരികരോഗ്യമുള്ളപ്പോൾ മാത്രമേ തത്ത്വജ്ഞാനം നേടാനും പ്രവർത്തിക്കാനും കഴിയൂ. ധനസമ്പത്തുകൾ ക്ഷണഭംഗുരങ്ങളാണ്. മനുഷ്യായുസ്സ് ഇടിമിന്നൽ പോലെ ക്ഷണികമാണ്. വെള്ളത്തിലെ കുമിളപോലെ ക്ഷണഭംഗുരമായ ശരീരത്തിൽ ജീവാത്മാവ് പുലരുന്നു. എന്നാൽ, അനിത്യമായ ശരീരത്തിൽ ജീവന് നിർഭയമായി കഴിയാൻ സാധിക്കില്ലെന്നുള്ളതാണ് സത്യം. മായയാൽ മോഹിതനായി കഴിയുന്നവന് തത്വങ്ങൾ ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല. എന്റെ കുഞ്ഞാണ് എന്റെ ഭാര്യയാണ്. ഇതെന്റെ സമ്പത്തുക്കളാണ്. ഇവർ എന്റെ ബന്ധുക്കളാണ് എന്നൊക്കെ മായാമനുഷ്യൻ കരുതുന്നു. ഞാൻ ഒരു കാര്യം ചെയ്തു. ഇത് ചെയ്യണം, മറ്റു ചിലത് ചെയ്ത് തീർന്നു, ഇനി കുറേ ബാക്കിയുമുണ്ട് എന്നൊക്കെ ചിന്തിക്കുന്ന മനുഷ്യനെ യമരാജൻ കരുണ കാട്ടാതെ പിടിച്ചുകൊണ്ടുപോകും. കാലന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ല. അതുകൊണ്ട് ഇന്നു ചെയ്യേണ്ട കാര്യം ഇന്നുതന്നെ ചെയ്യുക. മരണമാകുന്ന സത്യത്തെ ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല. ഒരു നിമിഷം പോലും താമസിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല; ഇൗശ്വരനും. വിധിക്കപ്പെട്ട സമയത്തു തന്നെ മൃത്യു ജീവൻ അപഹരിച്ചിരിക്കും. മൃതുവിന്റെ കടന്നാക്രമണത്തിന് യാതൊരു തടയുമില്ല. സമയമായാൽ സ്വന്തവും ബന്ധവും നോക്കാതെ, കാലപുരിയിലേക്ക് ശരീരം ഉപേക്ഷിച്ച് ജീവൻ യാത്രപോകും. അതുകൊണ്ട്, സുഖമാണ് ഇച്ഛിക്കുന്നതെങ്കിൽ സംസാരത്തെ ത്യജിക്കണം. സംസാരബന്ധം എപ്പോഴും ദുഃഖം മാത്രമേ നൽകുകയുള്ളു. സകല പാപങ്ങൾക്കും ആശയഭൂതമായ സംസാരത്തെ പരിത്യജിക്കാനുള്ള ജ്ഞാനം നേടുക. ജീവിതത്തിൽ ജ്ഞാനമുള്ളവനാണ് മനു ഷ്യൻ. അജ്ഞാനി മൃഗമാണ്. അവൻ സംസാരസാഗരത്തിൽ മുങ്ങി മരിക്കുന്നു. തൻമൂലം അവന് വീണ്ടും വീണ്ടും ജന്മമെടുത്ത് മരിക്കേണ്ടി വരുന്നു.
സജ്ജനങ്ങളും മഹാത്മാക്കളുമായി ബന്ധം പുലർത്തുക. അവർ സാംസാരികസംഗമായ രോഗത്തിന്റെ ഔഷധിയാകുന്നു. സത്സംഗവും വിവേകവും മനുഷ്യന്റെ നിർമ്മലനേത്രങ്ങളാണ്. അതില്ലാത്തവൻ അന്ധനാണ്. ദുർമാർഗിയായി തീരും. സ്വന്തം ആശ്രമം, ആചാരം ഇവയിൽ കുടുങ്ങിക്കിടക്കുന്ന പലരും പരമമായ ധർമ്മം അറിയുന്നില്ല. അവൻ അഹങ്കാരിയായി നശിക്കുന്നു.
ചില മനുഷ്യർ തപശ്ചര്യകളിലും, വ്രതം, ഉപവാസം എന്നീ അനു ഷ്ഠാനങ്ങളിലും മുഴുകിക്കഴിയുന്നു. അവർ സ്വർഗപ്രാപ്തി മോഹിച്ച് വൈദികമന്ത്രം, ഹോമം, യജ്ഞം എന്നിവ നടത്തുന്നു. പക്ഷേ, ഈ കാട്ടിക്കൂട്ടലുകൊണ്ടൊന്നും അജ്ഞാനിയായ മനുഷ്യന് മോക്ഷം പ്രാപിക്കാൻ കഴിയില്ല. ജടയും മാന്തോലും ധരിച്ചാൽ മാത്രം ഉത്തമ സന്ന്യാസിയാകാൻ കഴിയുമോ?

സാംസാരികസുഖങ്ങളിൽ ആസക്തനായി കഴിയുകയും, ബ്രഹ്മ ജ്ഞാനിയാണെന്ന് നടിക്കുകയും ചെയ്യുന്നവൻ യഥാർഥത്തിൽ ബ്രഹ്മജ്ഞാനത്തിൽ നിന്നും ഭ്രഷ്ടനാകുന്നു. അക്കൂട്ടർ അപകടകാരികളുമാണ്. മണ്ണും ഭസ്മവും കുറിയിട്ട്, ഭക്തനായി നടക്കുന്ന മനുഷ്യൻ മുക്തനാകുന്നില്ല. തവളയും മീനും; ഗംഗ മുതലായ പുണ്യനദികളിൽ എത്ര കാലം കഴിഞ്ഞാലും അവർ യോഗികളാകുമോ? പുല്ലും ഇലയും തിന്ന് ജലം മാത്രം പാനം ചെയ്ത് കാട്ടിൽ മേയുന്ന മൃഗങ്ങൾക്ക് വ്രതഫലം കിട്ടുമോ?

എല്ലാ വർണ്ണങ്ങളിലേയും ആശ്രമങ്ങളിലേയും ആജ്ഞാനുഷ്ഠാനങ്ങൾ ലോകജനതയെ അനുനയിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്. അത് ഉൾക്കൊള്ളുന്ന തത്ത്വജ്ഞാനം, മോക്ഷത്തിന് കാരണമാകുന്നു. ബുദ്ധിമാനു മാത്രമേ ശാസ്ത്രാധ്യയനത്തിൽനിന്ന് തത്ത്വജ്ഞാനം മനസ്സിലാക്കാൻ കഴിയുകയുള്ളു; വെള്ളവും പാലും കൂടി ചേർന്നതിൽനിന്ന് അരയന്നം പാൽ വേർതിരിച്ചെടുക്കുന്നതുപോലെ, ശാസ്ത്രങ്ങളിൽ നിന്ന് തത്ത്വം കണ്ടെത്താനറിയണമെന്ന് സാരം. തത്വജ്ഞാനം കൊണ്ട് മാത്രമേ മുക്തി കൈവരികയുള്ളു. വിശിഷ്ട ഗുരുവിൽനിന്ന് ലഭിക്കുന്ന ജ്ഞാനം മോക്ഷസിദ്ധിക്ക് ഏറെ പ്രയോജന പ്പെടും.

ജ്ഞാനം രണ്ടു വിധമാണ്. ഒന്ന്, ആഗമങ്ങളിൽ പറയപ്പെടുന്ന വേദശാസ്ത്രാദികൾ, രണ്ട്, ആത്മവിവേകത്തിൽ നിന്ന് ഉടലെടുത്തത്. വിവേകജനിതമായ ജ്ഞാനം പരബ്രഹ്മസ്വരൂപമാണ്; ആഗമോക്തമായ ജ്ഞാനം ശബ്ദബ്രഹ്മസ്വരൂപവും.

"ദേഹം, ഗേഹം, ഭാര്യ, പുത്രൻ, ധനം, സമ്പത്ത് തുടങ്ങിയ കാര്യത്തിൽ 'എന്റെ', 'എന്റേതല്ല' എന്നീ രണ്ടു ശബ്ദങ്ങൾ ബന്ധനത്തിനും മോക്ഷത്തിനും കാരണമായി വർത്തിക്കുന്നു. 'എന്റെ' എന്ന ചിന്താഗതിയിൽ ജീവൻ ബന്ധനത്തിൽപ്പെടുന്നു. 'എന്റേതല്ല' എന്ന ഭാവന മോക്ഷത്തിന് ഇട കൊടുക്കുന്നു” (16/93)
സത്കർമ്മം മോക്ഷകാരിയാണ്. മറ്റു കർമ്മങ്ങളെല്ലാം ശാരീരിക ക്ലേശത്തിന് മാത്രം പ്രയോജനപ്പെടുന്നു. മനുഷ്യൻ മോക്ഷം കൊതിക്കുന്നുവെങ്കിൽ, സകല വിധത്തിലും തത്ത്വജ്ഞാനലബ്ധിക്ക് ശ്രമി ക്കണം. ഗുരുവിന്റെ മുഖത്തുനിന്ന് ലഭിച്ച ജ്ഞാനത്താൽ ആത്മതത്ത്വമറിയണം. എങ്കിൽ സാംസാരികബന്ധനത്തിൽ നിന്നും മുക്തനാകും. അത് ബ്രഹ്മനിർവാണാത്മകമായ മോക്ഷത്തിനുപകരിക്കും.

അന്ത്യകാലത്ത് തീർത്ഥസ്നാനവും, ശ്വാസത്തെ നിയന്ത്രിച്ചും ബ്രഹ്മ ബീജ സ്വരൂപമായ ഓങ്കാരമന്ത്രം മനസ്സിൽ അഭ്യസിക്കുന്നതും, മഹാവിഷ്ണുവിനെ സ്മരിക്കുന്നതും മോക്ഷപ്രദമാണ്.

അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, അവന്തി, ദ്വാരക എന്നീ ഏഴ് സ്ഥലങ്ങൾ മോക്ഷദായകങ്ങളാകുന്നു.

തത്ത്വജ്ഞാനികൾ മോക്ഷം പ്രാപിക്കുന്നു! ധാർമികനായ മനുഷ്യൻ സ്വർഗം പ്രാപിക്കുന്നു! പാപികൾ ദുർഗതിയടയുന്നു. പക്ഷികളും മൃഗങ്ങളും മറ്റും വീണ്ടും വീണ്ടും ജനിക്കുന്നു.

സനാതന ധർമത്തിലെ അന്നദാനത്തിന്റെ പ്രാധാന്യം

സനാതന ധർമത്തിലെ നിഗൂഢതകളിൽ, അനുകമ്പയും ഐക്യവും ആത്മീയതയും മാനവികതയും എല്ലാം പ്രതിധ്വനിക്കുന്ന ഒരു പരമ്പരാഗത ആചാരം പ്രകാശപൂരിതമായി നിലകൊള്ളുന...