മരണാനന്തരം പരലോകത്തു ആത്മാക്കൾക്ക് കടക്കേണ്ട കടമ്പയാണ് വൈതരണി നദി.
എല്ലായ്പ്പോഴും ദുഷ്കർമ്മങ്ങളിൽ മുഴുകി ജീവിക്കുന്ന പാപികൾ നരകത്തിൽ നിന്നും മഹാനരകത്തിലേക്ക് പതിക്കുന്നു. ദുഃഖവും ഭയവും അവനെ സദാ പിന്തുടർന്നുകൊണ്ടിരിക്കും. പാപികൾക്ക് കാലപുരിയിലേക്ക് പ്രവേശിക്കാനുള്ള മാർഗം തെക്ക് ഭാഗത്തുള്ള കവാടമാണ്. കിഴക്കും പടിഞ്ഞാറും വടക്കുമുള്ള കവാടങ്ങൾ ധാർമികന്മാർക്കുള്ള മാർഗങ്ങളുമാകുന്നു. ജീവാത്മാക്കൾ ഏതിനങ്ങളിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞ് യമദൂതന്മാർ അവരെ കടത്തി വിടും. തെക്കുഭാഗത്തുള്ള കവാടം കടന്ന് അകത്ത് പ്രവേശിച്ചാൽ വൈതരണി നദീമുഖത്തെത്താം.
നൂറു യോജന വിസ്താരമുള്ള, ദുർഗന്ധം വമിക്കുന്ന ആ വലിയ നദിക്ക് അക്കരെ കടക്കുകയെന്നത് ദുഷ്കരമാണ്. നദീജലത്തിലൂടെ രക്തവും പഴുപ്പും അഴുകിയ മാംസപിണ്ഡങ്ങളും ചേർന്നൊഴുകുന്നു. പാപികൾ ഇത് കണ്ട് ഭയപ്പെടുന്നു. നദിയിൽ ധാരാളം ഭീകരമത്സ്യങ്ങളും ഹിംസ്രജന്തുക്കളും ഒഴുകിനടക്കുന്നതു കാണുമ്പോൾ ഭയം ഇരട്ടിക്കുന്നു. പേടിച്ചു വിറച്ചു കൊണ്ട് വാവിട്ട് ഉറക്കെ കരയുന്നു. പുത്രപൗത്രാദികളേയും അച്ഛനമ്മമാരേയും ബന്ധുക്കളേയും വിളിച്ച് കേഴുന്നു.
പക്ഷേ, ആര് കേൾക്കാൻ! എല്ലാം വനരോദനം!
യമദൂതന്മാർ ഓടിയെത്തി പാപികളെ വൈതരണിയിലേക്ക് തള്ളി വിടുന്നു. നിലയില്ലാത്ത കയത്തിൽ അവർ മുങ്ങിത്താഴുമ്പോൾ, യമദൂതന്മാർ ‘കഷ്ടം! കർമ്മഫലം' എന്ന് പറഞ്ഞവരെ കളിയാക്കി പീഡിപിക്കുന്നു.
ജീവാത്മാക്കളിൽ പാപഭാരം കുറവുള്ളവർ വൈതരണി തരണം ചെയ്തു രക്ഷപ്പെടും. കൂടുതലുള്ളവരോ? മുങ്ങിയും നിവർന്നും ദീർഘകാലം വസിക്കും.
പുണ്യവാന് സ്വർഗവും (വിഷ്ണുലോകം) പാപിക്ക് നരകവും ലഭിക്കും. യമരാജാവ് പാപഭാരം കണക്കിലെടുത്ത് നരകകാലം തീരുമാനിക്കുന്നു. നരകത്തിൽ തങ്ങളുടെ പാപങ്ങളുടെ ഫലം അനുഭവിച്ചു കഴിഞ്ഞാൽ പാപികൾ വീണ്ടും ജനിക്കുന്നു. ആദ്യം വൃക്ഷം, ചെടി ലത, വല്ലി തുടങ്ങിയ സ്ഥാവരങ്ങളായും പിന്നീട് കീടങ്ങൾ, മൃഗങ്ങൾ, പക്ഷികൾ മുതലായ ജീവികളായും പിറക്കും. എല്ലാം ചേർന്നാൽ 84 ലക്ഷം ജീവികളുണ്ടത്രേ. അതിന് ശേഷം മാത്രമെ മനുഷ്യനായി ജനിക്കാൻ കഴിയൂ. അതുപോലെ പുണ്യം ക്ഷയിച്ചുകഴിഞ്ഞാലും മനുഷ്യനായി വീണ്ടും പിറക്കും. ജീവാത്മാവ് ശരീരം ധരിച്ച് ജനിക്കുമ്പോൾ വൈഷ്ണവിയ “മായ" അവനെ ആവരണം ചെയ്യും. ആ ജീവി പിന്നീട് ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ അവസ്ഥകളിലൂടെ ജീവിതം പൂർത്തീകരിച്ച് മരിക്കുന്നു; വീണ്ടും ജനിക്കുന്നു.
ബ്രാഹ്മണഹത്യ, ഗോഹത്യ, ബാലഹത്യ, സ്ത്രീഹത്യ എന്നിവ ചെയ്തവനും മദ്യപാനിയും, ഗർഭപാത്രം കളങ്കപ്പെടുത്തിയവനും , ഗുരുവിന്റേയും, ദേവസ്വവും ബ്രഹ്മസ്വവുമായ ധനം അപഹരിച്ചവനും, വൈതരണി നദിയിൽ പതിക്കുന്നു. കടം വാങ്ങിയത് തിരിച്ചു കൊടുക്കാത്തവനും, സൂക്ഷിക്കാൻ നൽകിയ ധനം തിരിച്ചുനൽകാത്തവനും, വിശ്വാസവഞ്ചകനും വൈതരണിനദിയിൽ വസിക്കുന്നു.
ദുഃഖിതരെ കാണുമ്പോൾ സന്തോഷിക്കുന്നവനും, അസൂയക്കാരനും ആരിലും ദോഷം മാത്രം കണ്ടെത്തുന്നവനും, കേമനാണെന്ന് സ്വയം അഹങ്കരിക്കുന്നവനും, പണ്ഡിതനാണെന്ന് അഭിനയിക്കുന്ന അജ്ഞാനിയും യമദൂതന്മാരുടെ പീഡനമേറ്റ് വൈതരണിയിലേക്ക് പതിക്കുന്നു.
മാതാപിതാക്കളെ തിരസ്കരിച്ചവനും, പതിവ്രത, കുലീന തുടങ്ങിയ സ്ത്രീകളെ ത്യജിക്കുന്നവനും, സത്പുരുഷന്മാരെ നിന്ദിക്കുന്നവനും, ഗുരുവിനേയും ആചാര്യനേയും അപമാനിച്ചവനും ക്ഷണിച്ചുവരുത്തിയ ബ്രാഹ്മണനെ ദാനം നൽകാതെ തിരിച്ചയക്കുന്നവനും, യാഗം നടത്തുന്നവരെ ദ്രോഹിക്കുന്നവനും, കന്നുകാലികളെ പട്ടിണിക്കിടുന്നവനും, കന്യകയെ ദുഷിപ്പിക്കുന്നവനും, വേദം അർത്ഥം അറിയാതെ പഠിക്കുന്നവനും കപിലയായ പശുവിന്റെ പാൽ കുടിക്കുന്നവനും, വ്യഭിചാരം മോഹിക്കുന്നവനും, അന്യന്റെ പത്നിയെ അപഹരിക്കുന്നവനും വൈതരണിയിൽ പതിക്കുന്നു.
കള്ളസാക്ഷി പറയുന്നവനും, വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നവനും, മോഷണം കൊണ്ട് പുലരുന്നവനും, വിധവകളെ ദ്രോഹിക്കുന്നവനും വൈതരണിയിൽ വസിക്കുന്നു. വിവാഹത്തിലും ദേവയാത്രയിലും തടസ്സങ്ങൾ വരുത്തുന്നവരും, യാത്രികനെ കൊള്ളയടിക്കുന്നവരും, വീടിനും ഗ്രാമത്തിനും തീ കൊളുത്തുന്നവരും വൈതരണിയിൽ നിരന്തരം താമസിക്കുന്നതാണ്.
ഇത്തരത്തിൽ പാപികൾക്ക് പല തരത്തിലുള്ള യാതനകളും അനുഭവിക്കേണ്ടിവരും.
വൈതരണി എന്ന മഹാ പീഡനത്തെ അതിജീവിക്കാൻ സത്കർമങ്ങളിൽ ഏർപ്പെടേണ്ടതും സനാതന ധർമത്തിന് ദോഷം വരുത്താതെ ജീവിക്കേണ്ടതുമാണ്
